വോയിസ് റഫറണ്ടത്തെക്കുറിച്ച് സംശയങ്ങള്‍ ബാക്കിയാണോ? അറിയേണ്ട 5 കാര്യങ്ങള്‍ ഒറ്റ നോട്ടത്തില്‍...

Three-way split image. On the left are people holding placards reading Vote Yes!, in the centre is a hand holding a voting form above a ballot box and on the right are people holding placards reading Vote No.

Source: SBS

Get the SBS Audio app

Other ways to listen

വോയ്സ് റഫറണ്ടത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും റഫറണ്ടവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉള്ളവർ നമുക്കിടയിലുണ്ടാകാം. എന്താണ് വോയ്സ് റഫറണ്ടമെന്നും, എന്തിനാണ് റഫറണ്ടം നടത്തുന്നത് എന്നും ലളിതമായി മനസിലാക്കാം...


എന്താണ് വോയ്സ് സമിതി…?

ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ പാർലമെൻറിന് ഉപദേശം നൽകുന്നതിനായി ഒരു സ്ഥിരം സമിതി രൂപീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ഈ സ്വതന്ത്ര ഉപദേശക സമിതിയെയാണ് ഇന്‍ഡിജെനസ് വോയിസ് ടു പാര്‍ലമെന്റ് അഥവാ വോയ്സ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഭരണഘടനാപരമായി ഇന്‍ഡിജെനസ് വോയിസ് ടു പാര്‍ലമെന്റ് സമിതി രൂപീകരിക്കുന്നതിന് ഓസ്ട്രേലിയൻ ഭരണഘടന ഭേദഗതി ചെയ്യണം. ഓസ്‌ട്രേലിയയില്‍ ഭരണഘടനാ ഭേദഗതിക്ക് റഫറണ്ടം അഥവാ ജനഹിത പരിശോധന അനിവാര്യമാണ്. ഇതിനുവേണ്ടിയാണ് റഫറണ്ടം നടത്തുന്നത്.

വോയ്സ് സമിതി രൂപീകരിക്കുന്നതിന് എന്തിനാണ് ഭരണഘടനാ ഭേദഗതി...?

ഭരണഘടനാ അംഗീകാരത്തോടെ വോയ്സ് സമിതി രൂപീകരിച്ചാല്‍, ഭാവിയില്‍ ഏതെങ്കിലും ഒരു സര്‍ക്കാരിന് ഏകപക്ഷീയമായി ഈ സമിതിയെ പിരിച്ചു വിടാൻ സാധിക്കില്ല. ഇതിനായാണ് ഭരണഘടനാ ഭേദഗതിയിലൂടെ വോയ്സ് സമിതി രൂപീകരിക്കുന്നത്.

വോയിസ് ടു പാര്‍ലമെന്റ് റഫറണ്ടത്തിലെ ചോദ്യം എന്താണ്...?

ഒരു ആദിമവര്‍ഗ്ഗ-ടോറസ് സ്‌ട്രൈറ്റ് ഐലന്റര്‍ വോയിസ് സമിതി രൂപീകരിച്ച്, ഓസ്‌ട്രേലിയയിലെ ആദ്യ ജനതയെ അംഗീകരിക്കുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതിന് നിയമനിര്‍മ്മാണം പരിഗണിക്കുന്നു. ഈ ഭേദഗതിയെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

വോയ്സ് റഫറണ്ടത്തിലെ ചോദ്യത്തിന് YES എന്നോ NO എന്നോ ഉത്തരം നല്‍കണം.

എപ്പോഴാണ് വോയ്സ് റഫറണ്ടം നടക്കുന്നത്...?
ഒക്ടോബർ 14 ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിംഗ്. വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് പോളിംഗ്‌ സ്‌റ്റേഷനുകളിൽ നേരിട്ടെത്തി വോട്ട് ചെയ്യാം. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള സ്‌കൂളുകളിലും, കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലുമെല്ലാം പോളിംഗ് സ്‌റ്റേഷനുണ്ടാകും.

Share